Monday, 1 April 2019

സ്വയം മാറുക

ഭൂമിയും തലയും കറങ്ങുന്നു..
ചോരയും ഇരുട്ടും പരക്കുന്നു..
അലകളായ് ചോദ്യങ്ങൾ; നെഞ്ചകം ഭേദിച്ച് -
കയറാൻ വെമ്പുന്ന കുന്തമായ് നിൽക്കുന്നു.

വർണാഭമായ കറുപ്പോ,
തിളക്കമാർന്ന ഇരുട്ടോ;
മനുഷ്യമനസ്സിനും ലോകത്തിനും..?
നീറുന്ന നെഞ്ചോ, മരിക്കുന്ന മനസ്സോ;
അതിരൂഢ ശൈത്യത്തിന്നുൾപ്പിടിയിൽ..?

സ്നേഹവും സഹനവും ചാലിച്ച വർണ്ണങ്ങൾ-
മറയുവതെങ്ങിനെ മനതാരിന്നോർമ്മയിൽ.

അന്ധത മാറണം അളവുകോൽ മാറണം
രക്തവും കണ്ണീരും വിസർജ്ജ്യമായ് മാറുന്ന-
ചാലുകൾ മൂടണം - എന്നേയ്ക്കുമായ്.
കണ്ണുകൾ തുറക്കണം കൈയ്യുകൾ നീട്ടണം
നന്മതൻ പാതയിലാവോളം നടക്കണം.

നിന്നിലെ നിന്നെയും അവനിലെ നിന്നെയും
ചിന്മയരൂപനാം സൃഷ്ടികർത്താവിനേ-
മൊന്നിച്ചു ദർശിക്കാൻ പ്രകാശം പകരട്ടെ -
സ്നേഹമാം ജ്വാലകൾ ഈ പാതയിൽ.

Tuesday, 8 January 2019

പ്രയുക്ത ദാർശനികത

ചേട്ടാ, എഴുന്നേല്ക്കൂ.. എന്നോതുന്ന ഭാര്യയെ
കേട്ടില്ലെന്ന് നടിപ്പത് - ആധിപത്യം

അച്ഛനുത്തരമറിയില്ലെന്നു കാട്ടിയ കുഞ്ഞിനെ
പുച്ഛിച്ചടിയറവിലക്കുന്നത് - അഭിമാനം

ഉപദേശിക്കുന്ന നാവിന്റെ വായടപ്പിച്ച്
വീടിന്റെ കോണിൽ ഒതുക്കിയിടുന്നത് - കാലാനുസൃതം

സഹോദരനെ വഞ്ചിച്ച്
സൗധങ്ങൾ പണിയുന്നത് - ആഢ്യത്തം

സഹയാത്രികനെ പരിഗണിക്കാതെ
വ്യക്തിമുദ്ര പതിപ്പിക്കുന്നത് - കേമത്തം

അപരന്റെ നോവിൽ
കൈത്താങ്ങ് പകരുന്നതാണ് - വിഡ്ഢിത്തം.